Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 22

1. രാജാക്കന്മാർ 22:27-49

Help us?
Click on verse(s) to share them!
27ഞാൻ സമാധാനത്തോടെ വരുവോളം കുറച്ച് അപ്പവും കുറച്ച് വെള്ളവും മാത്രം കൊടുക്കേണ്ടതിന് രാജാവ് കല്പിച്ചിരിക്കുന്നു എന്ന് അവരോടു പറക”.
28അതിന് മീഖായാവ്: “നീ സമാധാനത്തോടെ മടങ്ങിവരുമെങ്കിൽ യഹോവ എന്നോട് അരുളിച്ചെയ്തിട്ടില്ല; സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ ” എന്ന് അവൻ പറഞ്ഞു.
29അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്ക് പോയി.
30യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷംമാറി പടയിൽ കടക്കും; നീ രാജവസ്ത്രം ധരിച്ചുകൊൾക ” എന്ന് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് വേഷംമാറി പടയിൽ കടന്നു.
31“നിങ്ങൾ യിസ്രായേൽരാജാവിനോട് അല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്ന് അരാം രാജാവ് തന്റെ മുപ്പത്തിരണ്ട് രഥനായകന്മാരോട് കല്പിച്ചിരുന്നു.
32ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ‘ഇവൻ തന്നേ യിസ്രായേൽരാജാവ് എന്ന് പറഞ്ഞ് അവനോട് യുദ്ധം ചെയ്യുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.
33അവൻ യിസ്രായേൽരാജവല്ല എന്ന് രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു.
34എന്നാൽ ഒരുവൻ യദൃച്ഛയാ വില്ലു കുലെച്ച് യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടെക്ക് എയ്തു; അവൻ തന്റെ തേരാളിയോട് : “എന്നെ യുദ്ധമുന്നണിയിൽനിന്ന് കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.
35അന്ന് യുദ്ധം കഠിനമായി തീർന്നു; രാജാവിനെ അരാമ്യർക്ക് എതിരെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു; സന്ധ്യാസമയത്ത് അവൻ മരിച്ചുപോയി. മുറിവിൽനിന്ന് രക്തം രഥത്തിനടിയിലേക്ക് ഒഴുകി.
36സൂര്യൻ അസ്തമിക്കുമ്പോൾ ‘ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ’ എന്ന് പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
37അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്ന് അവിടെ അടക്കം ചെയ്തു.
38രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവയുടെ വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
39ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പ് കൊണ്ട് അരമന പണിതതും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
40ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകൻ അഹസ്യാവ് അവന് പകരം രാജാവായി.
41ആസയുടെ മകൻ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.
42യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ച് വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മ ശിൽഹിയുടെ മകൾ അസൂബാ ആയിരുന്നു.
43അവൻ തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്ന്, അവയിൽനിന്ന് വിട്ടുമാറാതെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. എന്നാൽ പൂജാഗിരികൾ മാത്രം നീക്കം ചെയ്തില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.
44യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട് സഖ്യത ചെയ്തു.
45യെഹോശാഫാത്തിന്റെ മറ്റുള്ള പ്രവർത്തനങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
46തന്റെ അപ്പനായ ആസയുടെ കാലത്ത് ശേഷിച്ചിരുന്ന പുരുഷവേശ്യാവൃത്തി നടപ്പിലാക്കിയിരുന്നവരെ അവൻ ദേശത്ത് നിന്ന് നീക്കിക്കളഞ്ഞു.
47ആ കാലത്ത് എദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
48ഓഫീരിൽ നിന്ന് പൊന്ന് കൊണ്ടുവരേണ്ടതിന് യെഹോശാഫാത്ത് കച്ചവടക്കപ്പലുകൾ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരിൽവെച്ച് തകർന്നുപോയതുകൊണ്ട് പോകുവാൻ കഴിഞ്ഞില്ല.
49അന്നേരം ആഹാബിന്റെ മകൻ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ” എന്ന് പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു.

Read 1. രാജാക്കന്മാർ 221. രാജാക്കന്മാർ 22
Compare 1. രാജാക്കന്മാർ 22:27-491. രാജാക്കന്മാർ 22:27-49