Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 78

സങ്കീർത്തനങ്ങൾ 78:7-37

Help us?
Click on verse(s) to share them!
7അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും അവന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകൾ പ്രമാണിച്ചുനടക്കുകയും
8അവരുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ, ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിനു തന്നെ.
9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
10അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; അവന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു.
11അവർ അവന്റെ പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു.
12അവൻ ഈജിപ്റ്റ്ദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പിതാക്കന്മാരുടെ കൺ മുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു.
13അവൻ സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.
14പകൽസമയത്ത് അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
15അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു.
16പാറയിൽനിന്ന് അവൻ അരുവികളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
17എങ്കിലും അവർ അവനോട് പാപം ചെയ്തു; അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു.
18അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.
19അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?”
20അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി, സത്യം; “എന്നാൽ അപ്പംകൂടി തരുവാൻ അവന് കഴിയുമോ? തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു.
21ആകയാൽ യഹോവ അതു കേട്ട് കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
22അവർ ദൈവത്തിൽ വിശ്വസിക്കുകയും അവന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ.
23അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24അവർക്കു തിന്നുവാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു.
25മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
27അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
28അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29അങ്ങനെ അവർ തിന്ന് തൃപ്തരായി. അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു.
30അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,
31ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.
32ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസം പോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.
35ദൈവം അവരുടെ പാറ എന്നും അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36എങ്കിലും അവർ വായ്കൊണ്ട് അവനോട് കപടം സംസാരിക്കും നാവുകൊണ്ട് അവനോട് ഭോഷ്ക് പറയും.
37അവരുടെ ഹൃദയം അവനിൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.

Read സങ്കീർത്തനങ്ങൾ 78സങ്കീർത്തനങ്ങൾ 78
Compare സങ്കീർത്തനങ്ങൾ 78:7-37സങ്കീർത്തനങ്ങൾ 78:7-37