1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
2“ലേവ്യഗോത്രത്തിൽ കെഹാത്യകുലത്തിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ പ്രായമുള്ള,സമാഗമനകൂടാരത്തിൽ
3വേല ചെയ്യുവാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി സംഖ്യ എടുക്കുവിൻ.
4സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്:
5പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്ന് തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടണം.
6തഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
7കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കണം.
8അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
9ഒരു നീലശ്ശീല എടുത്ത് വെളിച്ചത്തിനുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടണം.
10അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചുകെട്ടണം.
11സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
12വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് തഹശൂതോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
13അവർ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കണം.
14അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വയ്ക്കണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
15പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ സകല ഉപകരണങ്ങളും ആവരണം ചെയ്തു തീർന്നശേഷം കെഹാത്യർ ചുമക്കുവാൻ വരണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന് വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യർ ചുമക്കേണ്ടത് ഇവ തന്നേ.
16പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ.
17യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
18“നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്.
19അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമടിനും നിയോഗിക്കണം.
20എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്”.
21യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
22“ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി സംഖ്യ എടുക്കുക.
23മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണണം.
24ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്:
25തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല,
26പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുമുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എല്ലാം അവർ ചുമക്കണം; അവയെ സംബന്ധിച്ച് ചെയ്യുവാനുള്ള ജോലികളെല്ലാം അവർ ചെയ്യണം.
27ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിയ്ക്കണം.
28സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇത് തന്നെ; അവരുടെ സേവനം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദേശപ്രകാരം ആയിരിക്കണം.
29മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണണം.
30മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിലെ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണണം.
31സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്,
32ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളും അവ സംബന്ധിച്ചുള്ള എല്ലാജോലിയും തന്നെ; അവർ എടുക്കേണ്ട ഉപകരണങ്ങൾ നിങ്ങൾ പേരുവിവരമായി അവരെ ഏല്പിക്കണം.
33പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകല ശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതു തന്നെ.
34മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ
35സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.
36അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റി അമ്പത് പേർ.
37മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
38ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ
39മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി
40കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റി മുപ്പത് പേർ.
41യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
42മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ
43മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി
44അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിയിരുനൂറ് പേർ.
45യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നെ.
46മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ
47സമാഗമനകൂടാരത്തിലെ ശുശ്രൂഷയും ചുമട്ടുവേലയും ചെയ്യുവാൻ പ്രവേശിച്ചവർ ആകെ
48എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് പേർ ആയിരുന്നു.
49യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ അവനവന്റെ വേലയ്ക്കും താന്താന്റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.