Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 24

സംഖ്യാപുസ്തകം 24:10-21

Help us?
Click on verse(s) to share them!
10അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്.
11ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു ” എന്ന് പറഞ്ഞു.
12അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല;
13‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ?
14ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.
15പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്:
17ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും.
18എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: “അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ”.
21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: “നിന്റെ നിവാസം ഉറപ്പുള്ളത്: നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.

Read സംഖ്യാപുസ്തകം 24സംഖ്യാപുസ്തകം 24
Compare സംഖ്യാപുസ്തകം 24:10-21സംഖ്യാപുസ്തകം 24:10-21