Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 20

സംഖ്യാപുസ്തകം 20:6-21

Help us?
Click on verse(s) to share them!
6അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ചെന്ന് കമിഴ്ന്നുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി.
7യഹോവ മോശെയോട്: “നിന്റെ വടി എടുത്ത് നീയും നിന്റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക.
8എന്നാൽ അത് വെള്ളം തരും; പാറയിൽ നിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കണം ” എന്ന് അരുളിച്ചെയ്തു.
9തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു.
10മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾക്കുവിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്ന് പറഞ്ഞു.
11മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ട് പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
12പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്ന് അരുളിച്ചെയ്തു.
13ഇത് യിസ്രായേൽമക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
14അനന്തരം മോശെ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയിച്ചു:
15“ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽ പോയി ഏറിയ കാലം പാർത്തു: ഈജിപ്റ്റിലുള്ളവർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
16ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളി കേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.
17ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും;
18നിന്റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല”. എദോം അവനോട്: “നീ എന്റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും ” എന്ന് പറഞ്ഞു.
19അതിന് യിസ്രായേൽമക്കൾ അവനോട്: “ഞങ്ങൾ പ്രധാനനിരത്തിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചാൽ അതിന്റെ വില തരാം; കാൽനടയായി കടന്ന് പോകണമെന്നല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ” എന്ന് പറഞ്ഞു.
20അതിന് അവൻ “നീ കടന്നുപോകരുത് ” എന്ന് പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടി അവന്റെ നേരെ പുറപ്പെട്ടു.
21ഇങ്ങനെ എദോം തന്റെ അതിർത്തിയിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവിടെ നിന്ന് പിന്തിരിഞ്ഞു.

Read സംഖ്യാപുസ്തകം 20സംഖ്യാപുസ്തകം 20
Compare സംഖ്യാപുസ്തകം 20:6-21സംഖ്യാപുസ്തകം 20:6-21