Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 18

സംഖ്യാപുസ്തകം 18:9-32

Help us?
Click on verse(s) to share them!
9തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇത് നിനക്കുള്ളതായിരിക്കണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും, ഭോജനയാഗവും, പാപയാഗവും, അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ആയിരിക്കണം.
10അതിവിശുദ്ധവസ്തുവായിട്ട് അത് ഭക്ഷിക്കണം; ആണുങ്ങളെല്ലാം അത് ഭക്ഷിക്കണം. അത് നിനക്കുവേണ്ടി വിശുദ്ധമായിരിക്കണം.
11യിസ്രായേൽമക്കൾ ദാനമായി നൽകുന്ന ഉദർച്ചാർപ്പണമായ ഇതും, അവരുടെ സകലനീരാജനയാഗങ്ങളും നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
12എണ്ണയിലും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായ സകലവും ഇങ്ങനെ അവർ യഹോവയ്ക്ക് അർപ്പിക്കുന്ന എല്ലാ ആദ്യഫലവും ഞാൻ നിനക്ക് തന്നിരിക്കുന്നു.
13അവർ അവരുടെ ദേശത്തെ എല്ലാറ്റിൽനിന്നും യഹോവയ്ക്ക് കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്ക് ആയിരിക്കണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
14യിസ്രായേലിൽ ശപഥാർപ്പിതമായതെല്ലാം നിനക്ക് ആയിരിക്കണം.
15മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ അവർ യഹോവയ്ക്ക് കൊണ്ടുവരുന്ന എല്ലാ കടിഞ്ഞൂലും നിനക്ക് ആയിരിക്കണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കണം.
16വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ച് ശേക്കെൽ ദ്രവ്യംകൊടുത്ത് വീണ്ടെടുക്കണം. ശേക്കൽ ഒന്നിന് ഇരുപത് ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ.
17എന്നാൽ പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ച് മേദസ്സ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം.
18നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നെ അവയുടെ മാംസവും നിനക്ക് ആയിരിക്കണം.
19യിസ്രായേൽമക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇത് എന്നേക്കും ഒരു അലംഘ്യനിയമം ആകുന്നു”.
20യഹോവ പിന്നെയും അഹരോനോട്: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്ക് ഒരു ഓഹരിയും അരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നെ നിന്റെ ഓഹരിയും അവകാശവും ആകുന്നു ” എന്ന് അരുളിച്ചെയ്തു.
21ലേവ്യർക്കോ ഞാൻ സമാഗമനകൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലയ്ക്ക് യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
22യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന് മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്.
23ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യുകയും അവരുടെ അകൃത്യം വഹിക്കുകയും വേണം; അത് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം; അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുത്.
24യിസ്രായേൽമക്കൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ട് അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുത് ” എന്ന് ഞാൻ അവരോട് കല്പിച്ചിരിക്കുന്നു.
25യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
26“നീ ലേവ്യരോട് ഇപ്രകാരം പറയണം: യിസ്രായേൽമക്കളുടെ പക്കൽനിന്ന് ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്ക് തന്നിരിക്കുന്ന ദശാംശം അവരോട് വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്ന് നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം.
27നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്ക് കണക്കിടും.
28ഇങ്ങനെ യിസ്രായേൽ മക്കളോട് നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവയ്ക്ക് ഒരു ഉദർച്ചാർപ്പണം അർപ്പിക്കുകയും അത് പുരോഹിതനായ അഹരോന് കൊടുക്കുകയും വേണം.
29നിങ്ങൾക്ക് ലഭിച്ച സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം.
30ആകയാൽ നീ അവരോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അത് കളത്തിലെയും മുന്തിരിച്ചക്കിലെയും അനുഭവംപോലെ ലേവ്യർക്ക് കണക്കിടും.
31അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബാഗങ്ങൾക്കും എവിടെവച്ചും ഭക്ഷിക്കാം; അത് സമാഗമനകൂടാരത്തിൽ നിങ്ങൾ ചെയ്യുന്ന വേലയ്ക്കുള്ള പ്രതിഫലംആകുന്നു.
32അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കുകയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോകുവാൻ ഇടവരുകയുമില്ല”.

Read സംഖ്യാപുസ്തകം 18സംഖ്യാപുസ്തകം 18
Compare സംഖ്യാപുസ്തകം 18:9-32സംഖ്യാപുസ്തകം 18:9-32