Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 15

സംഖ്യാപുസ്തകം 15:22-41

Help us?
Click on verse(s) to share them!
22യഹോവ മോശെയോട് കല്പിച്ച ഈ സകലകല്പനകളിൽ
23ഏതെങ്കിലും പ്രമാണിക്കാതെ വീഴ്ച വരുത്തുകയോ ,കല്പിച്ച നാൾമുതൽ തലമുറതലമുറയായി മോശെമുഖാന്തരം കല്പിച്ച സകലത്തിലും ഏതെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റ് ചെയ്യുകയോ ചെയ്താൽ,
24അറിവില്ലാതെ അബദ്ധത്തിൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാം കൂടി ഹോമയാഗത്തിനായി ഒരു കാളക്കിടാവിനെയും പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിനുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടി യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കണം.
25ഇങ്ങനെ പുരോഹിതൻ യിസ്രായേൽമക്കളുടെ സർവ്വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോട് ക്ഷമിക്കും; അത് അബദ്ധത്തിൽ സംഭവിക്കുകയും അവർ അവരുടെ അബദ്ധത്തിനായി യഹോവയ്ക്ക് ദഹനയാഗമായി അവരുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിക്കുകയും ചെയ്തുവല്ലോ.
26എന്നാൽ അത് യിസ്രായേൽമക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കും; തെറ്റ് സർവ്വജനത്തിനുമുള്ളതായിരുന്നുവല്ലോ.
27ഒരാൾ അബദ്ധത്തിൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഒരു പെൺകോലാടിനെ അർപ്പിക്കണം.
28അബദ്ധത്തിൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
29യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധത്തിൽ പാപം ചെയ്യുന്നവൻ സ്വദേശിയോ വന്നുപാർക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നെ ആയിരിക്കണം.
30എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടി ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
31അവൻ യഹോവയുടെ വചനം ധിക്കരിച്ച് അവിടുത്തെ കല്പന ലംഘിച്ചു; അവനെ നിർമ്മൂലമാക്കിക്കളയണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും”.
32യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറക് പെറുക്കുന്നത് കണ്ടു.
33അവൻ വിറക് പെറുക്കുന്നത് കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
34അവനോട് ചെയ്യേണ്ടത് എന്തെന്ന് വിധിച്ചിട്ടില്ലായിരുന്നതുകൊണ്ട് അവർ അവനെ തടവിൽ വച്ചു.
35പിന്നെ യഹോവ മോശെയോട്: “ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കണം; സർവ്വസഭയും പാളയത്തിന് പുറത്തുവച്ച് അവനെ കല്ലെറിയണം” എന്ന് കല്പിച്ചു.
36യഹോവ മോശെയോട് കല്പിച്ചതുപോലെ സർവ്വസഭയും അവനെ പാളയത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നു.
37യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
38“നീ യിസ്രായേൽമക്കളോട് പറയേണ്ടത്: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോണുകളിൽ തൊങ്ങലുകൾ ഉണ്ടാക്കുകയും ഓരോ തൊങ്ങലിലും നീലച്ചരട് കെട്ടുകയും വേണം.
39നിങ്ങൾ യഹോവയുടെ സകലകല്പനകളും ഓർത്ത് അനുസരിക്കേണ്ടതിനും നിങ്ങളുടെ സ്വന്തഹൃദയത്തെയും കണ്ണിനെയും അനുസരിച്ച് പരസംഗമായി നടക്കാതിരിക്കേണ്ടതിനും ആ തൊങ്ങൽ സ്മാരകം ആയിരിക്കണം.
40നിങ്ങൾ എന്റെ സകലകല്പനകളും ഓർത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിന് വിശുദ്ധരായിരിക്കേണ്ടതിനു തന്നെ.
41നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ.

Read സംഖ്യാപുസ്തകം 15സംഖ്യാപുസ്തകം 15
Compare സംഖ്യാപുസ്തകം 15:22-41സംഖ്യാപുസ്തകം 15:22-41