Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 14

സംഖ്യാപുസ്തകം 14:27-44

Help us?
Click on verse(s) to share them!
27“ഈ ദുഷ്ടസഭ എത്രത്തോളം എനിക്ക് വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ കേട്ടിരിക്കുന്നു.
28ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നെ, എന്നാണ, ഞാൻ നിങ്ങളോട് ചെയ്യുമെന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് അവരോട് പറയുവിൻ.
29ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപത് വയസ്സുമുതൽ മേലോട്ട് എണ്ണപ്പെട്ടവരായി
30എന്റെ നേരെ പിറുപിറുത്ത നിങ്ങളിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്ന് സത്യം ചെയ്ത ദേശത്ത് കടക്കുകയില്ല.
31എന്നാൽ കൊള്ളയായിപ്പോകുമെന്ന് നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും.
32എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും.
33നിങ്ങളിൽ അവസാനത്തെ ആൾ ഈ മരുഭൂമിയിൽ മരിച്ചുവീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങളുടെ മക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ ഇടയരായി സഞ്ചരിക്കും;
34ദേശം ഒറ്റു നോക്കിയ നാല്പത് ദിവസത്തിന്റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു സംവത്സരം വീതം, നാല്പത് സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ച് എന്റെ അകൽച്ച അറിയും.
35എനിക്ക് വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്ന് യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു”.
36ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്ന് ദേശത്തെക്കുറിച്ച് ദുർവർത്തമാനം പറഞ്ഞ് സഭ മുഴുവനും അവന് വിരോധമായി പിറുപിറുക്കുവാൻ കാരണം ആയവരും,
37ദേശത്തെക്കുറിച്ച് ദുർവർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ട് മരിച്ചു.
38എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ പുത്രൻ കാലേബും മരിച്ചില്ല.
39പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കൾ എല്ലാവരോടും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
40പിറ്റേന്ന് അവർ അതികാലത്ത് എഴുന്നേറ്റ്: “ഇതാ, യഹോവ ഞങ്ങൾക്കു വാഗ്ദാനം ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി” എന്ന് പറഞ്ഞ് മലമുകളിൽ കയറി.
41അപ്പോൾ മോശെ: “നിങ്ങൾ എന്തിന് യഹോവയുടെ കല്പന ലംഘിക്കുന്നു? അത് സാദ്ധ്യമാകുകയില്ല.
42ശത്രുക്കളാൽ തോൽക്കാതിരിക്കേണ്ടതിന് നിങ്ങൾ കയറരുത്; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
43അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ട്; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ട് പിന്തിരിഞ്ഞിരിക്കുന്നതുകൊണ്ട് യഹോവ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയില്ല ” എന്ന് പറഞ്ഞു.
44എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ട് മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്ന് പുറപ്പെട്ടതും ഇല്ല.

Read സംഖ്യാപുസ്തകം 14സംഖ്യാപുസ്തകം 14
Compare സംഖ്യാപുസ്തകം 14:27-44സംഖ്യാപുസ്തകം 14:27-44