Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 10

സംഖ്യാപുസ്തകം 10:7-34

Help us?
Click on verse(s) to share them!
7സഭയെ ഒന്നിച്ചുകൂട്ടേണ്ടതിന് ഊതുമ്പോൾ ഗംഭീരധ്വനി ഊതരുത്.
8അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം ഊതേണ്ടത്; ഇത് നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
9നിങ്ങളുടെ ദേശത്ത് നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന് പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്ത് ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും.
10നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതണം; അവ നിങ്ങൾക്ക് ദൈവത്തിന്റെ സന്നിധിയിൽ സ്മാരകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
11അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്ന് പൊങ്ങി.
12അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്ന് യാത്രപുറപ്പെട്ടു; മേഘം പാറാൻമരുഭൂമിയിൽ വന്നുനിന്നു.
13യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ.
15യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ.
16സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്.
17അപ്പോൾ തിരുനിവാസം അഴിച്ച് താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ട് പുറപ്പെട്ടു.
18പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ.
19ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ.
20ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്.
21അപ്പോൾ കെഹാത്യർ വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ട് പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവർത്തിക്കഴിയും.
22പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴിലുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ.
23മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ.
24ബെന്യാമീൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ.
25പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലായി ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.
26ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.
27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.
28യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
29പിന്നെ മോശെ തന്റെ അമ്മായിയപ്പനായ രെയൂവേൽ എന്ന മിദ്യാന്യന്റെ മകനായ ഹോബാബിനോട്: “നിങ്ങൾക്ക് ഞാൻ തരുമെന്ന് യഹോവ അരുളിച്ചെയ്ത ദേശത്തേക്ക് ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന് നന്മ വാഗ്ദാനം ചെയ്തിരിക്കുകകൊണ്ട് നീ ഞങ്ങളോടുകൂടി വരുക; ഞങ്ങൾ നിനക്കു നന്മ ചെയ്യും” എന്ന് പറഞ്ഞു.
30അവൻ അവനോട്: “ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു” എന്ന് പറഞ്ഞു.
31അതിന് അവൻ: “ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്ന് നീ അറിയുന്നു; നീ ഞങ്ങൾക്ക് കണ്ണായിരിക്കും.
32ഞങ്ങളോടുകൂടി പോന്നാൽ യഹോവ ഞങ്ങൾക്ക് ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും ” എന്ന് പറഞ്ഞു.
33അനന്തരം അവർ യഹോവയുടെ പർവതം വിട്ട് മൂന്ന് ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്ക് വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന് മൂന്ന് ദിവസത്തെ വഴി മുമ്പോട്ട് പോയി.
34പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്ക് മീതെ ഉണ്ടായിരുന്നു.

Read സംഖ്യാപുസ്തകം 10സംഖ്യാപുസ്തകം 10
Compare സംഖ്യാപുസ്തകം 10:7-34സംഖ്യാപുസ്തകം 10:7-34