Text copied!
CopyCompare
മലയാളം ബൈബിള്‍ - ലേവ്യപുസ്തകം - ലേവ്യപുസ്തകം 7

ലേവ്യപുസ്തകം 7:9-34

Help us?
Click on verse(s) to share them!
9അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
10എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്റെ സകലപുത്രന്മാർക്കും തുല്യമായിരിക്കണം.
11“‘യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആണിത്:
12അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കണം.
13സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കണം.
14ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്ന് ഒരോന്ന് യഹോവയ്ക്ക് നീരാജനാർപ്പണമായി അർപ്പിക്കണം; അത് സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
15എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അർപ്പിക്കുന്ന ദിവസം തന്നെ തിന്നണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുത്.
16അർപ്പിക്കുന്ന യാഗം ഒരു നേർച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അർപ്പിക്കുന്ന ദിവസം തന്നെ അതു തിന്നണം; അതിൽ ശേഷിപ്പുള്ളത് അടുത്ത ദിവസവും തിന്നാം.
17യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയണം.
18സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കുകയില്ല; അർപ്പിക്കുന്നവന്റെ പേരിൽ കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കണം.
19ഏതെങ്കിലും അശുദ്ധവസ്തുവിനെ തൊട്ടുപോയ മാംസം തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയണം; ശേഷം മാംസമോ ശുദ്ധിയുള്ളവനെല്ലാം തിന്നാം.
20എന്നാൽ അശുദ്ധി തന്റെ മേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
21മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറയ്ക്കപ്പെട്ടതിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ഒരുവൻ തൊട്ടിട്ടു യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.’ ”
22യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
23“നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ‘ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കാളയുടെയോ മേദസ്സു നിങ്ങൾ അല്പംപോലും തിന്നരുത്.
24സ്വാഭാവികമായി ചത്തതിന്റെ മേദസ്സും വന്യമൃഗങ്ങൾ പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റ് എന്തിനെങ്കിലും ഉപയോഗിക്കാം; തിന്നുക മാത്രം അരുത്.
25യഹോവയ്ക്കു ദഹനയാഗമായി അർപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയണം.
26നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുത്.
27വല്ല രക്തവും ഭക്ഷിക്കുന്നത് ആരു തന്നെയായാലും അവന്റെ ജനത്തിൽനിന്നു അവനെ ഛേദിച്ചുകളയണം.’ ”
28യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
29“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാടു കൊണ്ടുവരണം.
30സ്വന്തകൈയാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരണം; നെഞ്ചോടുകൂടി മേദസ്സും അവൻ കൊണ്ടുവരണം. നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം.
31പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം.
32നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദർച്ചാർപ്പണത്തിനായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കണം.
33അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവനു തന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കണം.
34യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.’ ”

Read ലേവ്യപുസ്തകം 7ലേവ്യപുസ്തകം 7
Compare ലേവ്യപുസ്തകം 7:9-34ലേവ്യപുസ്തകം 7:9-34