Text copied!
CopyCompare
മലയാളം ബൈബിള്‍ - ലേവ്യപുസ്തകം - ലേവ്യപുസ്തകം 25

ലേവ്യപുസ്തകം 25:29-55

Help us?
Click on verse(s) to share them!
29“‘ഒരുവൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു വർഷത്തിനകം അവന് അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു വർഷത്തെ അവധി ഉണ്ട്.
30ഒരു വർഷം മുഴുവൻ തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീട്, വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കണം; യോബേൽവർഷത്തിൽ അത് ഒഴിഞ്ഞുകൊടുക്കണ്ടാ.
31മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകൾ ദേശത്തുള്ള നിലത്തിനു സമമായി കണക്കാക്കപ്പെടണം; അവയ്ക്കു വീണ്ടെടുപ്പ് ഉണ്ട്; യോബേൽവർഷത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കണം.
32എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്ക് എപ്പോൾ വേണമെങ്കിലും വീണ്ടുകൊള്ളാം.
33ലേവ്യരിൽ ഒരുവൻ താൻ വിറ്റ വീട് വീണ്ടുകൊള്ളുന്നില്ലെങ്കിൽ അവന്റെ അവകാശമായ പട്ടണത്തിലുള്ള വിറ്റുപോയ വീട് യോബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമാണല്ലോ.
34എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്ക്കരുത്; അത് അവർക്കു ശാശ്വതാവകാശം ആകുന്നു.
35“‘നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു നിന്റെ അടുക്കൽവച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കണം.
36അവനോടു പലിശയും ലാഭവും വാങ്ങരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കണം.
37നിന്റെ പണം അവന് പലിശയ്ക്കു കൊടുക്കരുത്; നിന്റെ ആഹാരം അവന് ലാഭത്തിനായി കൊടുക്കുകയും അരുത്.
38ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിക്കുവാനും നിങ്ങളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
39“‘നിന്റെ സഹോദരൻ ദരിദ്രനായിത്തീതീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.
40കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കണം.
41പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോകണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്ക് അവൻ മടങ്ങിപ്പോകണം.
42അവർ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകുക കൊണ്ട് അവരെ അടിമകളായി വില്ക്കരുത്.
43അവനോടു കാഠിന്യം പ്രവർത്തിക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം.
44നിന്റെ അടിമകളായ പുരുഷന്മാരും സ്ത്രീകളും നിങ്ങൾക്കു ചുറ്റുമുള്ള ജനതകളിൽനിന്ന് ആയിരിക്കണം; അവരിൽനിന്ന് അടിമകളായ പുരുഷന്മാരെയും സ്ത്രീകളെയും വാങ്ങണം.
45അപ്രകാരം നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടി ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങണം; അവർ നിങ്ങൾക്ക് അവകാശമായിരിക്കണം;
46നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിനു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളണം; അവർ എന്നും നിങ്ങൾക്ക് അടിമകളായിരിക്കണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുത്.
47“‘നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാവുകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു അന്യനോ പരദേശിക്കോ അന്യന്റെ സന്തതിക്കോ തന്നെത്താൻ വില്ക്കുകയും ചെയ്താൽ
48അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം.
49അവന്റെ പിതാവിന്റെ സഹോദരനോ പിതാവിന്റെ സഹോദരന്റെ പുത്രനോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം; അവനു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.
50അടിമ തന്നെ വിറ്റ വർഷംമുതൽ യോബേൽവർഷംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കണം; അടിമയുടെ വില വർഷത്തിന്റെ സംഖ്യക്ക് ഒത്തവണ്ണം ആയിരിക്കണം; അടിമ ഒരു കൂലിക്കാരന്റെ കാലത്തിന് ഒത്തവണ്ണം ഉടമയുടെ അടുക്കൽ പാർക്കണം.
51വർഷങ്ങൾ ഏറെയുണ്ടെങ്കിൽ അതിനു തക്കവണ്ണം ഉടമ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കണം.
52യോബേൽവർഷംവരെ ശേഷിക്കുന്ന വർഷം കുറെ മാത്രം എങ്കിൽ ഉടമയുമായി കണക്കുകൂട്ടി വർഷങ്ങൾക്ക് ഒത്തവണ്ണം ഉടമ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കണം.
53അടിമ വഷം തോറും കൂലിക്കാരൻ എന്നപോലെ ഉടമയുടെ അടുക്കൽ ഇരിക്കണം; നീ കാൺകെ ഉടമ അവനോടു കാഠിന്യം പ്രവർത്തിക്കരുത്.
54ഇങ്ങനെ അടിമ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അടിമയും അവനോടുകൂടി അവന്റെ മക്കളും യോബേൽ വർഷത്തിൽ പുറപ്പെട്ടുപോകണം.
55യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Read ലേവ്യപുസ്തകം 25ലേവ്യപുസ്തകം 25
Compare ലേവ്യപുസ്തകം 25:29-55ലേവ്യപുസ്തകം 25:29-55