Text copied!
CopyCompare
മലയാളം ബൈബിള്‍ - ലേവ്യപുസ്തകം - ലേവ്യപുസ്തകം 23

ലേവ്യപുസ്തകം 23:27-44

Help us?
Click on verse(s) to share them!
27“ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകണം; നിങ്ങൾ ആത്മതപനം ചെയ്യുകയും യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുകയും വേണം.
28അന്നു നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാരദിവസം.
29അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു പുറത്താക്കണം.
30അന്ന് ആരെങ്കിലും വല്ല ജോലിയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും.
31യാതൊരു ജോലിയും ചെയ്യരുത്; ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
32അതു നിങ്ങൾക്കു സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കണം.”
33യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
34“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുനാൾ ആകുന്നു.
35ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകണം; അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.
36ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അർപ്പിക്കണം; എട്ടാംദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകണം; യഹോവയ്ക്കു ദഹനയാഗവും അർപ്പിക്കണം; അന്ന് പരിശുദ്ധമായസഭായോഗം; പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.
37“‘യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ
38അതതു ദിവസത്തിൽ യഹോവയ്ക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന് വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവ തന്നെ.
39“‘ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത.
40ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കണം.
41വർഷംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം; ഏഴാം മാസത്തിൽ അത് ആചരിക്കണം.
42ഞാൻ യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ
43അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയുവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
44അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോട് അറിയിച്ചു.

Read ലേവ്യപുസ്തകം 23ലേവ്യപുസ്തകം 23
Compare ലേവ്യപുസ്തകം 23:27-44ലേവ്യപുസ്തകം 23:27-44