Text copied!
CopyCompare
മലയാളം ബൈബിള്‍ - ലൂക്കോസ് - ലൂക്കോസ് 12

ലൂക്കോസ് 12:16-55

Help us?
Click on verse(s) to share them!
16ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
17അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടു? എന്റെ വിളവ് സൂക്ഷിച്ച് വെയ്ക്കുവാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.
18പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും.
19എന്നിട്ട് എന്നോടുതന്നെ; നിനക്ക് അനേക വർഷങ്ങൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്:
20മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചത് ആർക്കാകും എന്നു പറഞ്ഞു.
21ദൈവവിഷയമായി സമ്പന്നൻ ആകാതെ, വിലയേറിയ കാര്യങ്ങളെ തനിക്കു തന്നേ സൂക്ഷിച്ച് വെയ്ക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.
22അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: അതുകൊണ്ട് എന്ത് തിന്നും എന്നു ജീവനെ പറ്റിയും എന്ത് ഉടുക്കും എന്നു ശരീരത്തെ പറ്റിയും ഓർത്ത് വെറുതെ വിഷമിക്കണ്ട എന്നു ഞാൻ നിങ്ങളോടു പറയുന്നു.
23ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലോ.
24കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
25പിന്നെ ഇങ്ങനെ ആകുലപ്പെടുന്നതുകൊണ്ട് തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും?
26ഏറ്റവും ചെറിയ കാര്യങ്ങൾ ചെയ്യുവാൻ പോലും നിങ്ങൾക്ക് സാധിക്കുകയില്ല എങ്കിൽ ബാക്കി ഉള്ളതിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിനാണ്?
27താമര എങ്ങനെ വളരുന്നു എന്നു ചിന്തിക്കുക; അവ അദ്ധ്വാനിക്കുന്നില്ല, നൂൽ ഉണ്ടാക്കുന്നതും ഇല്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ഒരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28ഇന്ന് കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?
29എന്ത് തിന്നും എന്ത് കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്.
30ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നു.
31അവന്റെ രാജ്യം അന്വേഷിക്കുവിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും.
32ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്ക് നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.
33നിങ്ങൾക്കുള്ളത് വിറ്റ് ഭിക്ഷ കൊടുക്കുവിൻ; കള്ളൻ എടുക്കുകയോ, പുഴു തിന്നു നശിപ്പിക്കുകയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ, പഴയതായി പോകാത്ത പണസഞ്ചികളും, തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ.
34നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും.
35നിങ്ങൾ അര കെട്ടി എപ്പോഴും ഒരുങ്ങിയിരിപ്പിൻ. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കട്ടെ
36യജമാനൻ കല്യാണത്തിന് പോയിട്ട് തിരിച്ച് വന്നാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോട് നിങ്ങൾ തുല്യരായിരിപ്പിൻ.
37യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്നു അവർക്ക് ശുശ്രൂഷിക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
38അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാം യാമത്തിൽ വന്നാലും അങ്ങനെ കണ്ട് എങ്കിൽ അവർ ഭാഗ്യവാന്മാർ.
39കള്ളൻ ഏത് സമയത്ത് വരുന്നു എന്നു വീടിന്റെ ഉടമസ്ഥൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീട് പൊളിയ്ക്കുവാൻ സമ്മതിക്കുകയില്ല എന്നറിയുവിൻ.
40അങ്ങനെ അറിയാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
41കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ അതോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന് കർത്താവ് പറഞ്ഞത്:
42കൃത്യ സമയത്ത് ആഹാരം കൊടുക്കേണ്ടതിന് യജമാനൻ തന്റെ വേലക്കാരുടെ മേൽ വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകനെ ആക്കി
43യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ.
44യജമാനൻ തനിക്കുള്ള സകലവും നോക്കി നടത്താൻ അവനെ വിചാരകനാക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
45എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ച് അഹങ്കരിക്കുവാനും തുടങ്ങിയാൽ,
46അവൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത സമയത്തും ആ ദാസന്റെ യജമാനൻ വന്നു അവനെ മുറിവേൽപ്പിക്കുകയും അവന് അവിശ്വാസികളോടുകൂടെ പങ്ക് കല്പിക്കുകയും ചെയ്യും.
47യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടികൊള്ളും.
48എന്നാൽ ഇതൊന്നും അറിയാതെ അടിക്ക് യോഗ്യമായതു ചെയ്തവനോ കുറച്ച് അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.
49ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളാമായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്?
50എങ്കിലും എനിക്ക് ഒരു സ്നാനം ഏൽക്കുവാൻ ഉണ്ട്; അത് കഴിയുന്നത് വരെ ഞാൻ എത്ര ഞെരുങ്ങുന്നു.
51ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഭിന്നത വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52ഇനിമേൽ ഒരു വീട്ടിൽ ഇരുവരോട് മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഭിന്നിച്ചിരിക്കും.
53അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഭിന്നിച്ചിരിക്കും.
54പിന്നെ അവൻ പുരുഷാരത്തോട് പറഞ്ഞത്: പടിഞ്ഞാറുനിന്ന് മേഘം പൊങ്ങുന്നത് കാണുമ്പോൾ വലിയമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു.
55തെക്കൻ കാറ്റ് ഊതുന്നത് കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അത് സംഭവിക്കുകയും ചെയ്യുന്നു.

Read ലൂക്കോസ് 12ലൂക്കോസ് 12
Compare ലൂക്കോസ് 12:16-55ലൂക്കോസ് 12:16-55