Text copied!
CopyCompare
മലയാളം ബൈബിള്‍ - റോമർ - റോമർ 11

റോമർ 11:1-22

Help us?
Click on verse(s) to share them!
1എന്നാൽ ദൈവം തന്റെ ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും ഒരു യിസ്രായേല്യനല്ലോ; അബ്രഹാമിന്റെ സന്തതിയിൽ ബെന്യാമിൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.
2ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലിയാവിനെ കുറിച്ച് തിരുവെഴുത്ത് പറയുന്നത് നിങ്ങൾ അറിയുന്നില്ലയോ?
3അവൻ യിസ്രായേലിന് വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാൻ ഒരുവൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
4എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന് അരുളപ്പാട് ഉണ്ടായത് എന്ത്? “ബാലിന് മുട്ടുമടക്കാത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
5അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ട്.
6കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ ഒരിക്കലും കൃപയാകുകയില്ല.
7ആകയാൽ എന്ത്? യിസ്രായേൽ അന്വേഷിച്ചത് പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അത് പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.
8“ദൈവം അവർക്ക് ഇന്നുവരെ ഉദാസീനതയുടെ ആത്മാവും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നതുപോലെതന്നെ.
9“അവരുടെ മേശ അവർക്ക് കണിയും കുടുക്കും ഇടർച്ചക്കല്ലും പ്രതികാരവുമായിത്തീരട്ടെ;
10അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
11എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ, അവരുടെ പരാജയം നിമിത്തം ജാതികൾക്ക് രക്ഷ വന്നു എന്നേയുള്ളു.
12എന്നാൽ അവരുടെ പരാജയം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികൾക്ക് സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ പൂർത്തീകരണം എത്ര അധികമായിരിക്കും?
13എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ ശുശ്രൂഷയിൽ പ്രശംസിക്കുന്നു;
14അത് ഒരുപക്ഷേ ഞാൻ എന്റെ സ്വജാതിയിലുള്ളവരിൽ എരിവ് ഉളവാക്കി, അവരിൽ ചിലരെയെങ്കിലും രക്ഷിക്കാൻ ഇടയാകുമല്ലോ.
15അവരുടെ തിരസ്കരണം ലോകത്തിന്റെ നിരപ്പിന് ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?
16കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അത് മുഴുവനും അങ്ങനെതന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നെ.
17കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിന് പങ്കാളിയായിത്തീർന്നു എങ്കിലോ,
18കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ, നീ വേരിനെ അല്ല താങ്ങുന്നത് വേർ നിന്നെയത്രേ താങ്ങുന്നത്.
19എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന് കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.
20ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക.
21സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
22ആകയാൽ ദൈവത്തിന്റെ ദയയും കാഠിന്യവും കാൺക; ഒരുവശത്ത് വീണുപോയ യഹൂദരിൽ ദൈവത്തിന്റെ കാഠിന്യവും; മറുവശത്ത് നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ നിന്നിൽ അവന്റെ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.

Read റോമർ 11റോമർ 11
Compare റോമർ 11:1-22റോമർ 11:1-22