Text copied!
CopyCompare
മലയാളം ബൈബിള്‍ - യോഹന്നാൻ - യോഹന്നാൻ 3

യോഹന്നാൻ 3:4-26

Help us?
Click on verse(s) to share them!
4നിക്കോദെമോസ് അവനോട്: ഒരു മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? അവന് രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാൻ കഴിയുമോ എന്നു ചോദിച്ചു.
5അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഒരുവൻ വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കുവാൻ കഴിയുകയില്ല.
6ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു.
7നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോട് പറയുന്നതുകൊണ്ട് ആശ്ചര്യപ്പെടരുത്.
8കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു.
9നിക്കോദെമോസ് അവനോട്: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
10യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലയോ?
11ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കുകയും കണ്ടത് സാക്ഷീകരിക്കയും ചെയ്യുന്നു; എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ അംഗീകരിക്കുന്നില്ല.
12ഭൂമിയിലുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ള കാര്യങ്ങൾ നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
13സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല.
14മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നേ.
16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
17ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവൻ മുഖാന്തരം രക്ഷിയ്ക്കപ്പെടുവാനത്രേ.
18അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന് ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
19ന്യായവിധിയ്ക്ക് കാരണമോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെയാകുന്നു.
20തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തി വെളിപ്പെടാതിരിക്കേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല.
21സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തോടുള്ള അനുസരണത്തിൽ ചെയ്തിരിക്കയാൽ അത് വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നു.
22അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്ത് വന്നു അവരോടുകൂടെ താമസിക്കുകയും സ്നാനം കഴിപ്പിക്കുകയും ചെയ്തു.
23യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ അവന്റെ അടുക്കൽ വന്നു സ്നാനം ഏറ്റു.
24അന്ന് യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
25യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് തർക്കമുണ്ടായി;
26അവർ യോഹന്നാന്റെ അടുക്കൽവന്ന് അവനോട്: റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.

Read യോഹന്നാൻ 3യോഹന്നാൻ 3
Compare യോഹന്നാൻ 3:4-26യോഹന്നാൻ 3:4-26