12യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ട് ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ തോറ്റോടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്ന് നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല.
13നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: ‘നാളത്തേക്ക് നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിന്റെ ഇടയിൽനിന്ന് നീക്കിക്കളയും വരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്ക് കഴികയില്ല എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.
14‘നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.
15ശപഥാർപ്പിതവസ്തുവോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ച് യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.“
16അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
17അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
18അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.
19യോശുവ ആഖാനോട്: “മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഒന്നും മറയ്ക്കാതെ അവനോട് ഏറ്റുപറക; നീ എന്ത് ചെയ്തു എന്ന് എന്നോട് പറയുക.“
20ആഖാൻ യോശുവയോട്: “ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോട് പാപം ചെയ്തിരിക്കുന്നു; സത്യം.
21ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോണ്യ മേലങ്കിയും, ഇരുനൂറ് ശേക്കെൽ വെള്ളിയും, അമ്പത് ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ട് മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്ത് കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു“ എന്ന് ഉത്തരം പറഞ്ഞു.
22യോശുവ ദൂതന്മാരെ അയച്ചു; അവർ ഓടിച്ചെന്നു; കൂടാരത്തിൽ ആ വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്നത് കണ്ടു.