35 “ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ” എന്ന് സീയോൻനിവാസി പറയും; “എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ” എന്ന് യെരൂശലേം പറയും.
36 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ വറ്റിച്ച്, അതിന്റെ ഉറവുകൾ ഉണക്കിക്കളയും.
37 ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും, കുറുനരികളുടെ പാർപ്പിടവും, വിസ്മയത്തിനും പരിഹാസത്തിനും വിഷയവുമായിത്തീരും.
38 അവർ എല്ലാവരും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
39 അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ ഞാൻ അവർക്ക് ഒരു വിരുന്നൊരുക്കി അവരെ ലഹരി പിടിപ്പിക്കും; അങ്ങനെ അവർ ഉല്ലസിച്ച് ഉണരാത്തവിധം നിത്യനിദ്ര പ്രാപിക്കും ” എന്ന് യഹോവയുടെ അരുളപ്പാട്.
40 “ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലക്കളത്തിലേക്ക് ഇറക്കിക്കൊണ്ടുവരും.
41 ശേശക്ക് പിടിക്കപ്പെട്ടത് എങ്ങനെ? സർവ്വഭൂമിയുടെയും പ്രശംസയായിരുന്നത് പിടിച്ചടക്കപ്പെട്ടത് എങ്ങനെ? ജനതകളുടെ ഇടയിൽ ബാബേൽ ഒരു ഭീതിവിഷയമായിത്തീർന്നത് എങ്ങനെ?
42 ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ട് അത് മൂടിയിരിക്കുന്നു.
43 അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും, ആരും നിവസിക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.
44 ഞാൻ ബാബേലിൽവച്ച് ബേലിനെ സന്ദർശിച്ച്, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജനതകൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.
45 എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുവരുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങൾ ഓരോരുത്തൻ അവനവന്റെ പ്രാണനെ രക്ഷിച്ചുകൊള്ളുവിൻ.
46 ദേശത്ത് കേൾക്കുന്ന വർത്തമാനംകൊണ്ടും ആണ്ടുതോറും കേൾക്കുന്ന വാർത്തകൾ നിമിത്തവും സാഹസകൃത്യങ്ങൾ ദേശത്ത് നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്.
47 അതുകൊണ്ട് ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും; അന്ന് ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാർ എല്ലാവരും അതിന്റെ നടുവിൽ വീഴും.
48 ആകാശവും ഭൂമിയും അവയിലുള്ളതെല്ലാം ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്ന് സംഹാരകൻ അതിലേക്ക് വരും” എന്ന് യഹോവയുടെ അരുളപ്പാട്.
49 യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടി സർവ്വദേശവും തന്നെ.
50 വാളിന് ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്ന് യഹോവയെ ഓർക്കുവിൻ; യെരൂശലേം നിങ്ങൾക്ക് ഓർമ്മ വരട്ടെ!
51 ഞങ്ങൾ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു; അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കുകയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.
52 “അതുകൊണ്ട് ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്; “അന്ന് ദേശത്തെല്ലായിടവും മുറിവേറ്റവർ കിടന്നു ഞരങ്ങും.
53 ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
54 ബാബേലിൽനിന്ന് നിലവിളിയും കല്ദയദേശത്തുനിന്ന് മഹാനാശവും കേൾക്കുന്നു.
55 യഹോവ ബാബേലിനെ നശിപ്പിച്ച് അതിൽ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു.
56 അതിന്റെ നേരെ, ബാബേലിന്റെ നേരെ തന്നെ, സംഹാരകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിക്കപ്പെട്ടിരിക്കുന്നു; അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവിടുന്ന് പകരം ചെയ്യും.
57 ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും ലഹരി പിടിപ്പിക്കും; അവർ ഉണരാത്തവിധം നിത്യനിദ്രകൊള്ളും” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.
58 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിന്റെ വിശാലമായ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീയിൽ വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും, ജനതകളുടെ പ്രയത്നം തീക്കിരയായും തീരുകയും, അവർ ക്ഷീണിച്ചുപോകുകയും ചെയ്യും”.
59 യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടി, മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്ക് പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവിനോട് കല്പിച്ച വചനം -
60 ബാബേലിനു വരുവാനിരിക്കുന്ന അനർത്ഥമെല്ലാം, ബാബേലിനെക്കുറിച്ച് എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നെ, യിരെമ്യാവ് ഒരു പുസ്തകത്തിൽ എഴുതി -
61 യിരെമ്യാവ് സെരായാവിനോടു പറഞ്ഞത്: “നീ ബാബേലിൽ എത്തുമ്പോൾ ഈ വചനങ്ങൾ എല്ലാം നോക്കി വായിച്ചശേഷം: