6അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു; പിന്നെ ആ ഏഴ് അപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന് വിളമ്പി.
7ചെറിയ മീനും കുറച്ച് ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു.
8അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴ് വട്ടി നിറച്ചെടുത്തു.
9അവർ ഏകദേശം നാലായിരം പുരുഷന്മാർ ആയിരുന്നു.
10അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോട് കൂടെ പടക് കയറി ദല്മനൂഥ ദേശങ്ങളിൽ എത്തി.
11അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചു തുടങ്ങി.
12അവൻ ആത്മാവിൽ ഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു,
13പിന്നെ അവരെ വിട്ടു വീണ്ടും പടക് കയറി അക്കരയ്ക്ക് കടന്നു.
14ശിഷ്യന്മാർ അപ്പം എടുത്തുകൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
15അവൻ അവരോട്: നോക്കുവിൻ, പരീശരുടെയും ഹെരോദാവിന്റെയും പുളിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കുവിൻ എന്നു മുന്നറിയിപ്പ് നൽകി.
16നമുക്കു അപ്പം ഇല്ലായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
17അത് യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: “അപ്പം ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
18കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ?
19അയ്യായിരംപേർക്ക് ഞാൻ അഞ്ച് അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നു അവർ അവനോട് പറഞ്ഞു.
20നാലായിരം പേർക്ക് ഏഴപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? “ഏഴ്” എന്നു അവർ അവനോട് പറഞ്ഞു.
21പിന്നെ അവൻ അവരോട്: “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” എന്നു പറഞ്ഞു.
22അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ഒരു കുരുടനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്ന് അപേക്ഷിച്ചു.
23അവൻ കുരുടന്റെ കൈയ്ക്ക് പിടിച്ച് അവനെ ഗ്രാമത്തിന് പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ച്: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
24അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; മരങ്ങൾ നടക്കുന്നതുപോലെയത്രേ ഞാൻ അവരെ കാണുന്നത് എന്നു പറഞ്ഞു.
25വീണ്ടും യേശു അവന്റെ കണ്ണിന്മേൽ കൈ വെച്ചപ്പോൾ അവൻ കാഴ്ച പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ട്.
26“നീ ഗ്രാമത്തിൽ കടക്കുകപോലും അരുത്” എന്നു പറഞ്ഞ് അവൻ അവനെ വീട്ടിലേക്ക് അയച്ചു.