Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 7

അപ്പൊ. പ്രവൃത്തികൾ 7:6-29

Help us?
Click on verse(s) to share them!
6അവന്റെ സന്തതി അന്യദേശത്ത് ചെന്ന് പാർക്കും; ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറ് സംവത്സരം കഷ്ടപ്പെടുത്തും എന്നിങ്ങനെ ദൈവം അവനോട് പറഞ്ഞു.
7‘അവരെ അടിമകളാക്കിയ ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ ആരാധിക്കും’ എന്ന് ദൈവം അരുളിച്ചെയ്തു.
8പിന്നെ ദൈവം അബ്രഹാമിന് പരിച്ഛേദനയെന്ന ഉടമ്പടി കൊടുത്തു; അബ്രഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു, എട്ടാം നാൾ അവനെ പരിച്ഛേദന ചെയ്തു. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
9ഗോത്രപിതാക്കന്മാർക്ക് യോസഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു.
10എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന് കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്റെ സർവ്വഗൃഹത്തിനും അധിപതിയാക്കിവച്ചു.
11എന്നാൽ മിസ്രയീംദേശത്തിലും കനാനിലുമെല്ലാം ക്ഷാമവും മഹാകഷ്ടവും വന്നസമയത്ത് നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി.
12അപ്പോൾ മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് കേട്ടിട്ട് യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അങ്ങോട്ട് അയച്ചു.
13രണ്ടാം പ്രാവശ്യം യോസഫ് തന്റെ സഹോദരന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി; യോസഫിന്റെ കുടുംബം ഫറവോനും അറിവായ് വന്നു.
14യോസഫ് സഹോദരന്മാരെ തിരിച്ചയച്ച് തന്റെ പിതാവായ യാക്കോബിനോട് തന്റെ കുടുംബത്തെ ഒക്കെയും മിസ്രയീമിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ പറഞ്ഞു. അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
15യാക്കോബ് മിസ്രയീമിലേക്ക് പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു,
16അവരെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ എമ്മോരിന്റെ മക്കളോട് അബ്രഹാം വിലകൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
17ദൈവം അബ്രഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു.
18ഒടുവിൽ യോസഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു.
19ആ രാജാവ് നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ കഷ്ടപ്പെടുത്തുകയും, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതിരിപ്പാൻ തക്കവണ്ണം അവരെ ഉപേക്ഷിക്കുവാനും നിബ്ബന്ധിച്ചു.
20ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്ന് മാസം തന്റെ അപ്പന്റെ വീട്ടിൽ പോറ്റിവളർത്തി.
21പിന്നെ അവനെ പുറത്തുകളഞ്ഞപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്ത് തന്റെ സ്വന്തം മകനായി വളർത്തി.
22മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.
23അവന് നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്ന് കാണണമെന്ന് മനസ്സിൽ തോന്നി.
24അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു, ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു.
25താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്ന് മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.
26പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്ന് പറഞ്ഞു.
27എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?
28ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?’ എന്ന് പറഞ്ഞു.
29ഈ വാക്ക് കേട്ടിട്ട് മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്ന് അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവന് രണ്ടു പുത്രന്മാർ ജനിച്ചു.

Read അപ്പൊ. പ്രവൃത്തികൾ 7അപ്പൊ. പ്രവൃത്തികൾ 7
Compare അപ്പൊ. പ്രവൃത്തികൾ 7:6-29അപ്പൊ. പ്രവൃത്തികൾ 7:6-29