Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 27

അപ്പൊ. പ്രവൃത്തികൾ 27:11-38

Help us?
Click on verse(s) to share them!
11ശതാധിപനോ പൗലൊസ് പറഞ്ഞതിനേക്കാൾ കപ്പിത്താന്റെയും കപ്പലുടമസ്ഥന്റെയും വാക്ക് അധികം വിശ്വസിച്ചു.
12ആ തുറമുഖം ശീതകാലം കഴിക്കുവാൻ നല്ലതല്ലായ്കയാൽ അവിടെനിന്ന് നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്ത് കഴിയുമെങ്കിൽ ചെന്ന് ശീതകാലം കഴിക്കണം എന്ന് മിക്കപേരും ആലോചന പറഞ്ഞു.
13തെക്കൻ കാറ്റ് മന്ദമായി ഊതുകയാൽ, വിചാരിച്ചതുപോലെ യാത്ര ചെയ്യാം എന്ന് തോന്നി, അവർ അവിടെനിന്ന് നങ്കൂരം എടുത്ത് ക്രേത്ത ദ്വീപിന്റെ തീരംചേർന്ന് ഓടി.
14എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അതിനുനേരേ ദ്വീപിൽനിന്ന് വടക്കുകിഴക്കൻ എന്ന കൊടുങ്കാറ്റ് അടിക്കുവാൻ തുടങ്ങി.
15കപ്പലിന് കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കാറ്റിന് വഴങ്ങി അതിന്റെ വഴിക്കുതന്നെ പോയി.
16ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ട് പ്രയാസത്തോടെ തോണി കൈവശമാക്കി.
17അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പലിന്റെ വശത്തോട് ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണൽത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായ് ഇറക്കി, അങ്ങനെ കാറ്റിന്റെ ദിശയ്ക്ക് നീക്കി.
18ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ട് പിറ്റേന്ന് അവർ ചരക്ക് പുറത്തുകളഞ്ഞു.
19മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.
20വളരെ നാളായിട്ട് സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
21അവർ വളരെ പട്ടിണി കിടന്നശേഷം പൗലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: “പുരുഷന്മാരേ, എന്റെ വാക്ക് അനുസരിച്ചു ക്രേത്തയിൽനിന്ന് നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ ഉണ്ടാകാതെയും ഇരിക്കേണ്ടതായിരുന്നു.
22എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന് ഹാനി വരികയില്ല.
23എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ കഴിഞ്ഞ രാത്രിയിൽ എന്റെ അടുക്കൽനിന്ന്:
24‘പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്ക് ദാനം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞു.
25അതുകൊണ്ട് പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.
26എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.”
27പതിനാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരയ്ക്ക് സമീപിക്കുന്നു എന്ന് കപ്പൽക്കാർക്ക് തോന്നി.
28അവർ ഈയം ഇട്ട് ഇരുപത് മാറെന്ന് കണ്ട്; കുറച്ച് അപ്പുറം പോയിട്ട് വീണ്ടും ഈയം ഇട്ട് പതിനഞ്ച് മാറെന്ന് കണ്ട്.
29പാറ സ്ഥലങ്ങളിൽ ഇടിക്കുമോ എന്നു പേടിച്ച് അവർ അമരത്തുനിന്ന് നാല് നങ്കൂരം ഇട്ട്, വേഗം നേരം വെളുപ്പാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
30എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്ന് നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
31അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്ക് രക്ഷപെടുവാൻ കഴിയുന്നതല്ല” എന്നു പറഞ്ഞു.
32പടയാളികൾ തോണിയുടെ കയറ് അറുത്ത് അത് വീഴിച്ചുകളഞ്ഞു.
33നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: “നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ട് പട്ടിണി കിടക്കുന്നത് ഇന്ന് പതിനാലാം ദിവസം ആകുന്നുവല്ലോ.
34അതുകൊണ്ട് ആഹാരം കഴിക്കണം എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുവന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം” എന്നു പറഞ്ഞു.
35ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ട് നുറുക്കി തിന്നുതുടങ്ങി.
36അപ്പോൾ എല്ലാവരും ധൈര്യപ്പെട്ട് ഭക്ഷണം കഴിച്ചു.
37കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു.
38അവർ തിന്ന് തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ച്.

Read അപ്പൊ. പ്രവൃത്തികൾ 27അപ്പൊ. പ്രവൃത്തികൾ 27
Compare അപ്പൊ. പ്രവൃത്തികൾ 27:11-38അപ്പൊ. പ്രവൃത്തികൾ 27:11-38