Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 16

അപ്പൊ. പ്രവൃത്തികൾ 16:5-23

Help us?
Click on verse(s) to share them!
5അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെടുകയും ദിവസേന എണ്ണത്തിൽ പെരുകുകയും ചെയ്തു.
6അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ച്,
7മുസ്യയിൽ എത്തി ബിഥുന്യയ്ക്ക് പോകുവാൻ ശ്രമിച്ചു; അവിടെയും യേശുവിന്റെ ആത്മാവ് അവരെ സമ്മതിച്ചില്ല.
8അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി.
9അവിടെവച്ച് പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്ന്: “നീ മക്കെദോന്യെയിലേക്ക് കടന്നുവന്ന് ഞങ്ങളെ സഹായിക്ക” എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ട്.
10ഈ ദർശനം കണ്ടിട്ട് അവരോട് സുവിശേഷം അറിയിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ച്, ഞങ്ങൾ ഉടനെ മക്കെദോന്യയ്ക്ക് പുറപ്പെട്ടു.
11അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പൽ നീക്കി നേരെ സമൊത്രൊക്കയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും ചെന്ന്.
12റോമക്കാർ കുടിയേറിപ്പാർത്തിരുന്ന ഫിലിപ്പിയ എന്ന മക്കെദോന്യയുടെ പ്രധാനപട്ടണത്തിൽ ഞങ്ങൾ ചില ദിവസങ്ങൾ പാർത്തു.
13ശബ്ബത്തുനാളിൽ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്ന് വിചാരിച്ചു ഞങ്ങൾ പട്ടണ വാതിലിന് പുറത്തേക്ക് പോയി അവിടെ പുഴവക്കത്ത് ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോട് സംസാരിച്ചു.
14തുയഥൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്ന് പേരുള്ള ദൈവ ഭക്തയായൊരു സ്ത്രീ ഞങ്ങളുടെ വാക്ക് കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിന് കർത്താവ് അവളുടെ ഹൃദയം തുറന്നു.
15അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്ന് എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ” എന്ന് അപേക്ഷിച്ച് ഞങ്ങളെ നിർബ്ബന്ധിച്ചു.
16ഞങ്ങൾ പ്രാർത്ഥനാ സ്ഥലത്തേക്ക് ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞ് യജമാനന്മാർക്ക് വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.
17അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്ന്: “ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോട് അറിയിക്കുന്നവർ” എന്ന് വിളിച്ചുപറഞ്ഞു.
18ഇങ്ങനെ അവൾ ചില ദിവസങ്ങൾ ചെയ്തുവന്നു. പൗലൊസ് വളരെ നീരസപ്പെട്ടിട്ട് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: “അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ ഭൂതം അവളെ വിട്ടുപോയി.
19അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭപ്രതീക്ഷ നഷ്ടപ്പെട്ടത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ച്, ചന്തസ്ഥലത്ത് പ്രമാണികളുടെ അടുക്കലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി
20അധിപതികളുടെ മുമ്പിൽ നിർത്തി; “യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തിൽ കലാപം ഉണ്ടാക്കുന്നു,
21റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു.
22പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞ് കോൽകൊണ്ട് അവരെ അടിക്കുവാൻ കല്പിച്ചു.
23അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോട് അവരെ സൂക്ഷ്മത്തോടെ കാക്കുവാൻ കല്പിച്ചു.

Read അപ്പൊ. പ്രവൃത്തികൾ 16അപ്പൊ. പ്രവൃത്തികൾ 16
Compare അപ്പൊ. പ്രവൃത്തികൾ 16:5-23അപ്പൊ. പ്രവൃത്തികൾ 16:5-23